National
ന്യൂഡൽഹി: ഒൻപതാം ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയ ധനമന്ത്രി നിർമല സീതാരാമൻ ഇക്കുറിയും ശ്രദ്ധേയയായത് തന്റെ വേഷവിധാനത്തിലൂടെ. ഇന്ത്യൻ കൈത്തറി മേഖലയോടുള്ള തന്റെ താത്പര്യം ഒരിക്കൽ കൂടി വ്യക്തമാക്കിക്കൊണ്ട്, മനോഹരമായ ഒരു പർപ്പിൾ കാഞ്ചീപുരം സാരിയിലാണ് ധനമന്ത്രി രാഷ്ട്രപതിയുടെ വസതിയിലേക്കും തുടർന്ന് പാർലമെന്റിലേക്കും എത്തിയത്.
പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരിയിൽ സ്വർണനിറത്തിലുള്ള കള്ളികളും
കോഫി ബ്രൗൺ നിറത്തിലുള്ള കസവ് ബോർഡറുകളും സാരിക്ക് കൂടുതൽ പ്രൗഢി നൽകി. സിൽക്ക് സാരികൾക്കൊപ്പം തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലളിതവും എന്നാൽ പ്രൗഡ ഗംഭീരവുമായ വേഷത്തിലാണ് മന്ത്രി എത്തിയത്.
തമിഴ്നാട് സ്വദേശിയായ നിർമല സീതാരാമൻ, മുൻപ് അവതരിപ്പിച്ച എട്ട് ബജറ്റുകളിലും വിവിധ ഇന്ത്യൻ കൈത്തറി സാരികളാണ് ധരിച്ചിരുന്നത്. ഒഡീഷയിലെ കട്കി, മംഗൾഗിരി, സിൽക്ക് സംബൽപുരി എന്നിങ്ങനെ ഓരോ തവണയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ നെയ്ത്തുകാരുടെ കലാവൈഭവം അവർ ലോകത്തിന് മുന്നിലെത്തിച്ചു. ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കുമ്പോഴും വേഷവിധാനത്തിൽ ഭാരതീയ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നത് മന്ത്രി പതിവാക്കിയിരിക്കുകയാണ്.
രാവിലെ രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം കയ്യിൽ ചുവന്ന ഉറയിട്ട ടാബ്ലറ്റുമായി പാർലമെന്റിലേക്ക് എത്തിയ മന്ത്രിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
National
ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ 75 വർഷമായി ബജറ്റ് അവതരണത്തിൽ തുടർന്നുപോരുന്ന കീഴ്വഴക്കങ്ങൾ തിരുത്തിക്കൊണ്ട്, ബജറ്റിന്റെ രണ്ടാം ഭാഗമായ 'പാർട്ട്-ബി' ഇന്ത്യയുടെ വരാനിരിക്കുന്ന സാമ്പത്തിക ഭാവിയുടെ സമഗ്രമായ റോഡ്മാപ്പ് അവതരിപ്പിക്കാനായി മന്ത്രി ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സാധാരണയായി ബജറ്റിന്റെ ഒന്നാം ഭാഗത്തിൽ പദ്ധതി പ്രഖ്യാപനങ്ങളും രണ്ടാം ഭാഗത്തിൽ (നികുതി നിർദ്ദേശങ്ങളുമാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ, ഇന്ത്യയുടെ ഹ്രസ്വകാല ലക്ഷ്യങ്ങളും ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകളും വിശദീകരിക്കാൻ പാർട്ട്-ബി ഉപയോഗിക്കും. ആഗോള വിപണിയിലെ തിരിച്ചടികളെ പ്രതിരോധിക്കാനുള്ള 'താരിഫ് പ്രൂഫ്' നയങ്ങളും ഈ ഭാഗത്താകും വിശദീകരിക്കുക. ധനമന്ത്രി നിർമല സീതാരാമന്റെ തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണമാണിത്. ഇത്തവണയും പേപ്പർ രഹിത ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക.
*ബജറ്റിലെ പ്രതീക്ഷകൾ
അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധന ചെലവ് 10-15 ശതമാനം വർദ്ധിപ്പിച്ചേക്കാം (ഏകദേശം 11.2 ലക്ഷം കോടി രൂപ). ക്യാൻസർ മരുന്നുകൾക്ക് നികുതി ഇളവും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വൻതോതിലുള്ള നിക്ഷേപവും പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെച്ചേക്കാം. രാവിലെ 11 മണിക്ക് പാർലമെന്റിൽ ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഇന്ത്യയുടെ അടുത്ത ദശകത്തിലേക്കുള്ള സാമ്പത്തിക ദിശ വ്യക്തമാക്കുന്ന ഒന്നായിരിക്കും.
National
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ നികുതി ഇളവുകളും പ്രത്യേക പാക്കേജും ഉറ്റുനോക്കി കേരളം. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പ്രത്യേക പാക്കേജും ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ്, ശബരി റെയില്‍ തുടങ്ങിയ പദ്ധതികളും ഇത്തവണ അംഗീകരിക്കപ്പെടുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍.
കടമെടുപ്പ് പരിധിയിലെ നിയന്ത്രണങ്ങളും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും മൂലം ഉണ്ടായ 21,000 കോടിയുടെ വരുമാന കമ്മി നികത്താന്‍ പ്രത്യേക 'ഫിസ്കല്‍ കറക്ഷന് പാക്കേജ്' കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കിനാലൂരില്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍, ഇത്തവണ ബജറ്റില്‍ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സംസ്ഥാനം.
റബറിന്റെ താങ്ങുവില 250 ആയി ഉയര്‍ത്തണമെന്നും റബര്‍ ബോര്‍ഡിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിന് പ്രത്യേക ഫണ്ടും ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബിനുള്ള ആനുകൂല്യങ്ങളും കേരളം പ്രതീക്ഷിക്കുന്നു.
അങ്കമാലി-എരുമേലി ശബരി റെയില്‍വേ പദ്ധതിക്ക് മതിയായ തുക വകയിരുത്തണമെന്നത് സംസ്ഥാനത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക കേന്ദ്ര പദ്ധതിയും സംസ്ഥാനം ഉറ്റുനോക്കുന്നു.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വലിയ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയുടെ വിജയകരമായ നടപ്പാക്കലിന് കേന്ദ്ര വിഹിതത്തിലും വായ്പാ പരിധിയിലും ഇളവ് അനിവാര്യമാണ്. 16ാം ധനകാര്യ കമ്മീഷന് റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയും കേരളത്തിനുണ്ട്.
റെയില്‍വേ വികസനം, സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി, കോസ്റ്റ് ഗാര്‍ഡ് അക്കാദമി തുടങ്ങിയ വിഷയങ്ങളിലും കേന്ദ്ര നിലപാട് ഇന്നറിയാം. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നതോടെ കേരളത്തിന്റെ ഈ ആവശ്യങ്ങളില്‍ എത്രത്തോളം പരിഗണന ലഭിക്കുമെന്ന് ഇന്ന് വ്യക്തമാകും.
National
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിര്‍ണായകമായ പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് ഏറെ നിര്‍ണായകമാണ്.
ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരില്‍ എയിംസ് അനുവദിക്കുക എന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം.
അങ്കമാലി എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ മതിയായ തുക നീക്കിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധ്യതിരുവിതാംകൂറിനും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ അനുബന്ധ വികസനത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം പ്രതീക്ഷിക്കുന്നു. തുറമുഖത്തിലേക്കുള്ള റെയില്‍റോഡ് കണക്റ്റിവിറ്റിക്കായി കൂടുതല്‍ ഫണ്ട് ആവശ്യമാണ്.
റബര്‍ വിലയിടിവ് തടയാന്‍ തറവില 250 രൂപയായി ഉയര്‍ത്തണമെന്നും, ഇതിനായി കേന്ദ്രം സബ്സിഡി വിഹിതം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ ബാധിക്കുന്ന വിഷയമാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്.
നിലവിലെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തണമെന്ന് ധനമന്ത്രി കേന്ദ്രത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് കൂടുതല്‍ സ്ലീപ്പര്‍ സൗകര്യമുള്ള വന്ദേ ഭാരത് ട്രെയിനുകളും പുതിയ അമൃത് ഭാരത് സ്റ്റേഷന് നവീകരണ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍, ജിഎസ്ടി നഷ്ടപരിഹാര കുടിശികയോ പ്രത്യേക ഗ്രാന്റുകളോ അനുവദിക്കുന്നത് കേരളത്തിന് വലിയ ആശ്വാസമാകും.
Kerala
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തെ മാത്രം ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഈ വർഷം മാത്രം സംസ്ഥാനത്തിന് ലഭിക്കാനുള്ള 17,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി ആരോപിച്ചു. ഇങ്ങനെ ശ്വാസം മുട്ടിക്കാൻ കേരളത്തിലെ ജനങ്ങൾ ചെയ്ത പാതകമെന്തെന്നും ബാലഗോപാൽ ചോദിച്ചു.
ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.എൻ. ബാലഗോപാൽ. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പുനഃപരിശോധന വേണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായും ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രം ആണ് ഇനി വിഷയത്തിൽ തീരുമാനം എടുക്കേണ്ടത്. ഐജിഎസ്ടി പൂളിൽ നിന്നും തുകയുടെ കാര്യത്തിൽ കുറവ് വന്നു. ഇതിൽ മാത്രം 965 കോടിയാണ് കുറഞ്ഞത്. ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ധനമന്ത്രി കൂട്ടിച്ചേർത്തു.